
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1946ൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായി. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തകനായി. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
