ജോധ്പുര്‍: ദേവപ്രീതിക്കായി യുവാവ് നാലുവയസുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജോധ്പുരില്‍ ഇരുപത്തിയെട്ടുകാരനാണ് റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട് മകളെ ബലിനല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് നവാബ് അലി ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മകളായ റിസ്‌വാനയെ വ്യാഴാഴ്ച മാര്‍ക്കറ്റില്‍ കൊണ്ടുപോയി ഇഷ്ടപ്പെട്ടതെല്ലാം ഖുറേഷി വാങ്ങിനല്‍കി. വളരെ അധികം സ്‌നേഹിക്കുന്നതായും ഇയാള്‍ മകളോട് പറയുകയും ചെയ്തു. അന്ന് രാത്രി വീട്ടുകാരെല്ലാം ഉറങ്ങിയ സമയം മകളെ എടുത്തുകൊണ്ടുപോയി താഴത്തെ നിലയിലെ മുറിയില്‍ എത്തിച്ചു. പിന്നീട് മകളുടെ കഴുത്തറുത്ത് ബലി നല്‍കുകയും ഇതിനു ശേഷം തിരികെ മുറിയിലെത്തി ഉറങ്ങുകയും ചെയ്തു.

പുലര്‍ച്ചെ ഖുറേഷിയുടെ ഭാര്യ ഉണര്‍ന്നപ്പോള്‍ റിസ്‌വാനയെ കാണാനില്ല. ഇതോടെ തെരച്ചില്‍ നടത്തുകയും താഴെ നിലയിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് റിസ്‌വാനയെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകള്‍ പൂച്ചയുടെ ആക്രമണത്തില്‍ മരിച്ചതായിരിക്കാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാന്‍ ഖുറേഷി ശ്രമം നടത്തി.

എന്നാല്‍ കൊലപാതകമാണെന്നു ഭാര്യ ഉറച്ചുനില്‍ക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുനിന്നാരും വീട്ടിലേക്ക് രാത്രിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് മനസിലായി. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ഖുറേഷി സത്യം വെളിപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *