സംസ്ഥാനത്ത് കാലവർഷം എത്തി; ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുൻപേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലായിരുന്നു മുൻപ്.

തുടക്കത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂൺ പകുതിയോടെ ശക്തമാകും എന്നുമാണു കണക്കുകൂട്ടൽ. അതേസമയം, അടുത്ത 4 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ജൂൺ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 28 വരെ 98% വേനൽമഴ അധികം പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *