ഹൈദരാബാദ്: നിശാ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ പതിനേഴുകാരിയെ സ്കൂൾ വിദ്യാർഥികൾ കാറിൽവച്ച് കൂട്ടബലാത്സംഗം ചെയ്തു. ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് വിദ്യാർഥികൾ കാറിൽ കയറ്റുകയായിരുന്നു. പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികള്‍ക്കൊപ്പം ഒരു എംഎൽഎയുടെ മകനും ഉണ്ടായിരുന്നതായി സംശയിക്കുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പബ്ബിലെത്തിയത്. എന്നാൽ ഇടയ്ക്ക് വച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു. ഒറ്റയ്ക്കായ പെൺകുട്ടിയെ വീട്ടിലേക്ക് വിടാമെന്ന് പ്രതികൾ പറഞ്ഞു. ഇവരുടെ വാക്ക് വിശ്വസിച്ച് പെൺകുട്ടി കാറിൽ കയറി. എന്നാൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയുമായിരുന്നു. പ്രതികൾക്കൊപ്പം എംഎൽഎയുടെ മകൻ ഉണ്ടായിരുന്നെങ്കിലും ആക്രമണം നടക്കുന്നതിനു മുൻപ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.

വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആക്രമിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *