ട്രെയിനില്‍ അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പതിനാറുകാരിയുടെ ശരീരത്തിൽ തൊടാൻ ശ്രമം, അശ്ലീല സംസാരം; 6 പേർക്കെതിരെ കേസ്

തൃശൂർ∙ അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പതിനാറുകാരിക്കു നേരെ ട്രെയ‍ിനിൽ അതിക്രമം. പെൺകുട്ടിയുടെ ശരീരത്തു സ്പർശിക്കാൻ ശ്രമിക്കുകയും ലൈംഗികച്ചുവ കലർന്ന ഭാഷയിൽ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണു പരാതി. ആറു പേർക്കെതിരെ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ശനിയാഴ്ച വൈകിട്ടു ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ എറണാകുളത്തുനിന്നു തൃശൂരിലേക്കു സഞ്ചരിക്കുകയായിരുന്നു അച്ഛനും മകളും.

എറണാകുളത്തുനിന്നു ട്രെയിൻ പുറപ്പെട്ടയുടൻ എതിർവശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങി. കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തതോടെ അച്ഛൻ തടയാൻ ശ്രമിച്ചു. അച്ഛനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനിൽ ബഹളമുണ്ടാക്കുകയും ചെയ്തു. റെയിൽവേ ഗാർഡിനോടു പരാതി പറഞ്ഞെങ്കിലും പൊലീസിനെ അറിയിക്കാൻ തയാറായില്ലെന്നാണു പരാതി. തൃശൂർ സ്റ്റേഷനിൽ ട്രെയിന്‍ എത്തിയപാടെ അച്ഛനും മകളും റെയിൽവേ പൊലീസിനു പരാതി നൽകി.

50 വയസ്സിനു മുകളിലുള്ളവരാണു പ്രതികളെല്ലാം. പെൺകുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെയും അക്രമിസംഘം മർദ്ദിക്കാൻ ശ്രമിച്ചു. തൃശൂർ എത്തുന്നതിനു മുൻപ് വിവിധ സ്റ്റേഷനുകളിലായി ഇവർ ഇറങ്ങിപ്പോയിരുന്നു. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *