പത്തിരിപ്പാല(പാലക്കാട്): അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19)യാണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.
രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം ഇന്ന് നടക്കും.

