കൊച്ചി: എറണാകുളത്ത് റസ്റ്റോറന്റിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്.

റെസ്റ്റോറന്‍റിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസനെ രണ്ടാമന്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. ഇരുവരും അപരിചിതരാണെന്നാണ് വിവരം.

കുത്തേറ്റ ശേഷം എഡിസന്‍ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തിയാണ് എഡിസനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.കുത്തിയയാള്‍ സംഭവശേഷം രക്ഷപ്പെട്ടു. കുത്തിയെന്നു കരുതുന്ന എറണാകുളം മുളവുകാട് സ്വദേശി സുരേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *