വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന്‌ 13 റണ്‍ ജയം

കിങ്‌സ്റ്റണ്‍: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന്‌ 13 റണ്‍ ജയം. മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ്‌ മുന്‍തൂക്കം നേടി.

ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 185 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ അവസാന പന്ത്‌ എറിയുമ്പോള്‍ ഏഴ്‌ വിക്കറ്റിന്‌ 172 റണ്ണെന്ന നിലയിലായിരുന്നു.

റൊമാരിയോ ഷെപ്പേഡ്‌ (16 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 31), ഒഡിയന്‍ സ്‌മിത്ത്‌ (12 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 27) എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഓപ്പണര്‍ ഷാംറ ബ്രൂക്‌സ് (43 പന്തില്‍ 42), നായകന്‍ നികോളാസ്‌ പൂരാന്‍ (എട്ട്‌ പന്തില്‍ 15), ജാസണ്‍ ഹോള്‍ഡര്‍ (19 പന്തില്‍ 25) എന്നിവര്‍ക്കും ലക്ഷ്യത്തിലെത്താനായില്ല. നാല്‌ ഓവറില്‍ 19 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നറാണു വിന്‍ഡീസിനെ തകര്‍ത്തത്‌. ട്രെന്റ്‌ ബോള്‍ട്ട്‌, ടിം സൗത്തി, ലൂകി ഫെര്‍ഗുസണ്‍, ഇഷ്‌ സോധി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ഇന്ത്യക്കെതിരേ നടന്ന പരമ്പര 4-1 നു കൈവിട്ട ശേഷമാണു വിന്‍ഡീസ്‌ ന്യൂസിലന്‍ഡിനെ നേരിടുന്നത്‌. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (29 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 43), നായകന്‍ കെയിന്‍ വില്യംസണ്‍ (33 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 47) എന്നിവരും 15 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 33 റണ്ണുമായിനിന്ന ജെയിംസ്‌ നീഷാമുമാണു ന്യൂസിലന്‍ഡിനായി തിളങ്ങിയത്‌. വെസ്‌റ്റിന്‍ഡീസിനായി ഒഡിയന്‍ സ്‌മിത്ത്‌ 32 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു. ബ്രൂക്‌സിന്റെ മെല്ലെപ്പോക്കും വിന്‍ഡീസിനു തിരിച്ചടിയായി. താരം പുറത്താകുമ്പോള്‍ വിന്‍ഡീസ്‌ അഞ്ചിന്‌ 79 റണ്ണെന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *