ഗുരുഗ്രാം: പ്രണയബന്ധമുണ്ടെന്ന സംശയത്താൽ അമ്മയെ മകൻ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണു വിധവയായ സ്ത്രീയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സോന ദേവി (40) കൊല്ലപ്പെട്ട കേസിൽ മകൻ പ്രവേഷിനെ (21) അറസ്റ്റ് ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഭർത്താവ് മരിച്ചതിനെ തുടർന്നു സ്വദേശമായ ഹിസാറിലെ ഗാർഹിയിലേക്കു മടങ്ങിയ സോന, ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ വാർഡനായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം മുൻപു ജോലി ഉപേക്ഷിച്ചു. ഇതേ ഗ്രാമത്തിൽ വാടകയ്ക്കു മുറിയെടുത്താണു കഴിഞ്ഞിരുന്നത്. സോനിപത്തിലെ ജാട്ട്‌വാഡാ മൊഹല്ലയിൽ താമസിച്ചിരുന്ന മകൻ പ്രവേഷ് അമ്മയെ കാണാൻ ഇടയ്ക്കിടെ വരാറുണ്ട്. ഓഗസ്റ്റ് ആറിന് കാണാനെത്തിയപ്പോഴാണ് ഇയാൾ അമ്മയെ നിരവധിതവണ കുത്തിയത്. പരുക്കേറ്റ് അവശയായ അമ്മയെ ശ്വാസംമുട്ടിച്ചു മരണം ഉറപ്പാക്കുകയും ചെയ്തു. സംഭവം ആരും അറിയാതിരിക്കാനായി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. മുറിയിൽനിന്നു ദുർഗന്ധം വരുന്നെന്ന് ഉടമ പരാതിപ്പെട്ടതിനെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണു കൊലപാതകവിവരം പുറത്തറിഞ്ഞത്.

ദിവസങ്ങൾക്കു ശേഷം മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു. സോനയുടെ സഹോദരൻ പർവീന്ദറാണു സംഭവത്തിൽ പ്രവേഷിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞത്. വ്യാഴാഴ്ച റോത്തക്കിൽനിന്ന് ഇയാളെ പിടികൂടി. അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ടെന്നും ഫോണിൽ സംസാരിക്കുന്നതു പലതവണ കണ്ടിട്ടുണ്ടെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പൊലീസിനു മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *