കൊല്ലം: വിമാനത്തിൽ ഇ.പി. ജയരാജൻ തന്റെ കഴുത്ത് ഞെരിച്ചെന്ന് വാദിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിന്റെ മൊഴി.

ജയരാജനെതിരായ വധ ശ്രമക്കേസിൽ ഇന്നലെ കൊല്ലത്തു വച്ചാണ് ഫർസീന്റെ മൊഴിയെടുത്തത്. പ്രതികൾക്ക് തിരുവനന്തപുരത്ത് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാൽ കൊല്ലം പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്. മറ്റൊരു വാദിയായ നവീൻകുമാറിന്റെ മൊഴി വെള്ളിയാഴ്ചയെടുക്കും. മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോൾ ഇ.പി. ജയരാജൻ അടുത്തേക്കെത്തി മുഷ്ടി ചുരുട്ടി തലയിലും മൂക്കിലും ഇടിച്ചെന്നും ഫർസീൻ മൊഴി നൽകി. തുടർന്ന് മൂക്കിൽ നിന്ന് ചോര വന്നു. കഴുത്ത് ഞെരിച്ച ശേഷം കാല് മടക്കി ചവിട്ടി നിലത്തിട്ടു. പിന്നാലെ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽകുമാർ, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവർ ചേർന്ന് ശരീരമാസകലം ചവിട്ടിയെന്നും ഫർസീൻ അന്വേഷണ സംഘത്തോട് പറഞ്ഞു. വലിയതുറ എസ്.എച്ച്.ഒ സജുകുമാറാണ് മൊഴി രേഖപ്പെടുത്തിയത്.

ജീവന് ഭീഷണിയുണ്ടെന്നും യാത്രയ്ക്ക് പൊലീസ് സംരക്ഷണം മേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കത്ത് നൽകിയെങ്കിലും അനുവദിച്ചില്ലെന്ന് ഫർസീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *