തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം കന്യാസ്ത്രീ മഠത്തില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. വലിയതുറ സ്വദേശികളായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍, ഡാനിയൽ എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. മദ്യം നല്‍കിയ ശേഷം പ്രതികൾ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കഠിനംകുളം പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിൻ്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തിൻ്റെ മുൻപിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഠത്തിനുള്ളില്‍ നടന്ന പീഡനത്തിൻ്റെ വിവരം അറിയുന്നത്.

കന്യാസ്ത്രീ ആകുന്നതിനായി പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത് മൂന്ന് മാസം മുൻപാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മഠത്തിൽ നിന്ന് മതിൽ ചാടി പുറത്തു വരുമ്പോഴാണ് യുവാക്കൾ പൊലീസിന് മുൻപിൽപ്പെട്ടത്. ഇതിനു മുൻപും പീഡനത്തിന് ഇരയായതായിട്ടുണ്ടെന്ന് ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും ഈ കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കേസില്‍ പ്രതിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *