കൊച്ചിഎറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അതി ക്രൂരമായി അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം.  പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് ക്രൂരകൃത്യം നടത്തിയത്. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കും വരെ മർദിച്ചു. സി സി ടി വി ദൃശ്യങ്ങളിലാണ് ക്രൂരത വ്യക്തമായത്.

നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയിൽ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ് കുമാർ, അജയ്കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. തുടർന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു. തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *