ഫ്രൈഡ്റൈസിൽ ചിക്കൻ കുറവ്; റിസോർട്ടിലെ ഹോട്ടലിൽ  സംഘർഷം

ഇടുക്കി: ചിക്കൻ ഫ്രൈഡ്റൈസിൽ ഇറച്ചിക്കഷണം കുറഞ്ഞെന്നാരോപിച്ചു റിസോർട്ടിലെ റസ്റ്ററന്റിൽ സംഘർഷം. രാമക്കൽമേട്ടിൽ പ്രവർത്തിക്കുന്ന സിയോൺ ഹിൽസ് റിസോർട്ടിലാണ് അഞ്ചംഗ സംഘം ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. റസ്റ്ററന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ഒന്നര മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണു റിസോർട്ടുകാരുടെ ആരോപണം.

ബുധനാഴ്ച രാത്രിയാണ് സംഭവം. ചിക്കൻ ഫ്രൈഡ്റൈസ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ സംഘം കഴിച്ചു. ഇതിനിടയിൽ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നു ജീവനക്കാർ പറയുന്നു. മേശകൾ തകർത്തെന്നും ഒരു ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളിൽ ഒരാളുടെ കൈക്കു പരുക്കേറ്റതായും ജീവനക്കാർ പറഞ്ഞു.

റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ, തങ്ങൾ ആവശ്യപ്പെട്ട ഭക്ഷണമല്ല നൽകിയതെന്നും അതിനെത്തുടർന്നു വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകർത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *