സീനിയര്‍ ബാസ്‌കറ്റ്‌: കേരളവും തമിഴ്‌നാടും ജേതാക്കള്‍

പുതുച്ചേരി: ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഒന്നാംപാദ യോഗ്യതാ റൗണ്ട്‌ വനിതാ വിഭാഗത്തില്‍ കേരളവും പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടും ജേതാക്കള്‍.

വനിതാ വിഭാഗത്തില്‍ അഞ്ചു കളികളും ജയിച്ച്‌ 10 പോയിന്റുമായാണു കേരളം കിരീടത്തില്‍ മുത്തമിട്ടത്‌. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ അവര്‍ പുതുച്ചേരിയെ 68-32 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. തുടര്‍ച്ചയായി നാല്‌ ജയങ്ങള്‍ കുറിച്ചതോടെ വനിതകള്‍ കിരീടം ഉറപ്പാക്കിയിരുന്നു. അവസാന മത്സരങ്ങളില്‍ കര്‍ണാടക 83-48 ന്‌ ആന്ധ്രാപ്രദേശിനെയും തമിഴ്‌നാട്‌ 76-15 നു പുതുച്ചേരിയെയും തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തിലും അപരാജിതരായാണു തമിഴ്‌നാട്‌ കിരീടം നേടിയത്‌. ഒരു കളിയില്‍ തോറ്റ കേരളം ഒന്‍പത്‌ പോയിന്റുമായി രണ്ടാമതായി.

ഇന്നലെ നടന്ന മത്സരങ്ങളില്‍ തമിഴ്‌നാട്‌ 83- 67 നു കേരളത്തെ തോല്‍പ്പിച്ചു. തമിഴ്‌നാടിന്റെ അരവിന്ദ്‌ കുമാര്‍ 24 പോയിന്റുമായി തിളങ്ങി. ഹരിരാം 13 പോയിന്റും നേടി. കേരളത്തിനു വേണ്ടി ഷന്‍സീല്‍ മുഹമ്മദ്‌ 15 പോയിന്റും ജിഷ്‌ണു ജി. നായര്‍ 13 പോയിന്റും നേടി. നാലാം മത്സരത്തില്‍ കേരളം 100-50 നു പുതുച്ചേരിയെ തോല്‍പ്പിച്ചിരുന്നു. ജിഷ്‌ണു ജി. നായര്‍ 18 പോയിന്റും സജേഷ്‌ 14 പോയിന്റും ജെറോം പ്രിന്‍സ്‌ 12 പോയിന്റും നേടി. മറ്റു മത്സരങ്ങളില്‍ തെലങ്കാന 73-69 ന്‌ ആന്ധ്രയെയും കര്‍ണാടക 107-82 നു പുതുച്ചേരിയെയും തോല്‍പ്പിച്ചു.

National Senior Basketball Championship

Leave a Reply

Your email address will not be published. Required fields are marked *