ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്‍റിനെ സസ്‌പെന്‍റ് ചെയ്തു

കൊച്ചി:  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍ സവര്‍ക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. സംഘപരിവാര്‍ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍  എറണാകുളം ഡിസിസി  ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. 

ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാൽ സ്ഥിരമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് ചെന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ പടംവച്ച് ഒരു ബാനര്‍ വേണമെന്ന് ആവശ്യപ്പെടുകയും അതിനനുസരിച്ച് ഒരു ബാനര്‍ ഉണ്ടാക്കി തരുകയുമായിരുന്നു എന്നാണ് സുരേഷ് പറയുന്നത്. 

നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ബാനര്‍ സ്ഥാപിച്ചത്. സവര്‍ക്കറുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ബാനര്‍ മാറ്റാതെ പകരം ഗാന്ധിജിയുടെ ഒരു ചിത്രം ഒട്ടിക്കുകയായിരുന്നു. സവര്‍ക്കര്‍ ബാനറില്‍ ഇടംപിടിച്ചതോടെ സാമൂഹിക മാധ്യമത്തില്‍ കോണ്‍ഗ്രസിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *