മുഖ്യമന്ത്രി നീറോ ചക്രവർത്തിയെ ഓർമ്മിപ്പിക്കുന്നു; പരിഹാസവുമായി മുരളീധരൻ

കൊച്ചി: കേരളം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.’അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു’.  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കണ്ടെയ്നറില്‍ കിടന്ന് ഉറങ്ങുകയായിരുന്നെന്നും മുരളീധരന്‍ പരിഹസിച്ചു.

സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നാണ്. കേരളത്തില്‍ ഇന്നുവരെ ഇത്ര വ്യാപകമായ ആക്രമണങ്ങള്‍ നടന്നിട്ടില്ല. പൊലീസിന് മുന്നിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമം തടയാന്‍ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വിദ്വേഷ പ്രകടനം നടത്തിയ ആളുകള്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതില്‍ നിന്ന് ലഭിച്ച ഊര്‍ജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ധൈര്യം നല്‍കിയതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *