വളർത്തുനായയെ പൊതുവഴിയോട് ചേർത്തു കെട്ടിയത് ചോദ്യം ചെയ്ത അയൽവാസിയുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; അറസ്റ്റ്

തിരുവനന്തപുരം; പൊതുവഴിയോടു ചേര്‍ന്ന് വളര്‍ത്തുനായ്ക്കളെ കെട്ടിയിട്ടതു ചോദ്യംചെയ്തയാളുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. നെയ്യാറ്റിൻകര അവണാകുഴിയിലാണ് സംഭവമുണ്ടായത്. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അവണാകുഴി, കെ.വി. ആശുപത്രിക്കു സമീപം ജയഭവനില്‍ അഖിലേഷ്(29)ആണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.

അഖിലേഷിന്റെ സമീപവാസിയായ അവണാകുഴി കാര്‍ത്തികയില്‍ കണ്ണന്റെ(30) ശരീരത്തിലാണ് തിളച്ച കഞ്ഞി ഒഴിച്ചത്. പൊള്ളലേറ്റ കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഖിലേഷിന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കളെ അതിരിനു സമീപത്തായിട്ടാണ് കെട്ടിയിടുന്നത്. പൊതുവഴിയിലൂടെ പോകുമ്പോള്‍ നായ്ക്കള്‍ കുരച്ച് അടുക്കുന്നതിനാല്‍ ഇതിനെ കണ്ണന്‍ പലപ്പോഴായി ചോദ്യം ചെയ്തിരുന്നു.

സംഭവദിവസം കണ്ണന്‍ നടന്നുപോകുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ട് ചാടിവന്നു. ഉടനെ അഖിലേഷിനെ വിളിച്ച് നായ്ക്കളെ അകത്തോട്ട് മാറ്റിക്കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ അഖിലേഷ് വീട്ടില്‍ കയറിപ്പോയി. തിരികെയെത്തി അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കഞ്ഞികൊണ്ടുവന്ന് കണ്ണന്റെ ദേഹത്ത് ഒഴിച്ചുവെന്നാണ് നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *