ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന്  സാധ്യത; ഇന്ന് അതിശക്തമായ മഴ; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.  24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന്  സാധ്യത 

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
ഇത് പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍  ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂന മര്‍ദ്ദമായും, തുടര്‍ന്ന് ചുഴലിക്കാറ്റ് ആയും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍  ഒക്ടോബര്‍ 22 വരെ  വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ / ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *