ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ ആശ്രമം റോഡിൽ 40 വയസ്സുകാരിയായ ഡൽഹി സ്വദേശിനിയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും ബലാത്സംഗത്തിനിടെ പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്തു കയറ്റിയ ഇരുമ്പുവടി ഇതുവരെ നീക്കാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാധി മലിവാൽ ട്വീറ്റ് ചെയ്തു. യുവതിയുമായി മുൻ വൈരാഗ്യമുള്ളവരാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ സ്വത്ത‌ുതർക്കം നിലനിന്നിരുന്നു.

ഞായറാഴ്ച രാത്രി, ഗാസിയാബാദിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം തിരികെ ഡൽഹിയിലേക്കു മടങ്ങുന്നതിനായി ബസ് കാത്ത് നിൽക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയ തട്ടിക്കൊണ്ടു പോയത്. അഞ്ചുപേർ ചേർന്ന് രണ്ടു ദിവസത്തോളം കൂട്ട‍ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പുവടി കയറ്റുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച, വഴിയരികിൽ ചാക്കിൽകെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പ്രതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ ഗാസിയാബാദ് പൊലീസിന് നോട്ടിസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *