തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയതായി സൂചന. വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനകളാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് സമ്മതിച്ചവെന്നാണ് ചാനലുകൾ വ്യക്തമാക്കുന്നത്. കൊലപാതകം യുവാവിനെ ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ പിന്നിട്ടു. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും. പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഈ മാസം 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. 14ന് രാത്രി ആശുപത്രിയിൽ ചികിൽസ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്.

