ചെങ്ങന്നൂര്‍: റോഡരികില്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച് ചെങ്ങന്നൂരിലെ ദലിത് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മകന്റെ മൃതദേഹവും ഇതുപോലെ തന്നെയായിരുന്നു സംസ്‌കരിച്ചത്. ചെങ്ങന്നൂരിലെ ദലിത് കോളനിയിലെ കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡരികില്‍ സംസ്‌കരിച്ചത്.

ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു 82 കാരിയായ കുട്ടിയമ്മ താമസിച്ചിരുന്നത്. മരുമകളോടും പേരക്കുട്ടിയോടുമൊപ്പമായിരുന്നു അവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് കുട്ടിയമ്മ മരിക്കുന്നത്. എന്നാല്‍ വീട് നില്‍ക്കുന്ന ഭൂമിയില്‍ ദഹിപ്പിക്കാനുള്ള ഇടമില്ലാത്തതിനാല്‍ റോഡരികില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. കുട്ടിയമ്മയ്ക്ക് ചിതയൊരുക്കുന്നതിനു വേണ്ടി താമസിക്കുന്ന വീടിന്റെ ഷീറ്റ് വരെ പൊളിക്കേണ്ടി വന്നു കുടുംബത്തിന്.

ഒരു പൊതു ശ്മശാനം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ നിന്നും ഉയരുന്നതാണ്. എന്നാല്‍ ഇതുവരെയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. കുമരകത്തു നിന്നും ഇരുമ്ബ് പെട്ടി കൊണ്ടുവന്നാണ് ചിതയൊരുക്കിയത്.

പൊതു ശ്മശാനം എന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. പക്ഷെ പരിഹാരമൊന്നുമായില്ലെന്നാണ് ഇവര്‍ പറയുന്നത്. കുട്ടിയമ്മയുടെ മകന്‍ ശശിയെയും റോഡില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നപ്പോള്‍ ശ്മശാനത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *