കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഉദയകുമാറും ഉമേഷും കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി.
പ്രതികള്‍ക്കെതിരെ ബലാല്‍സംഗം, കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വിചാരണക്കോടതി. ശിക്ഷാവിധി തിങ്കളാഴ്ച വിധിക്കും.
2018 ൽ പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്‌വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്.
കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗെെഡെന്ന വ്യാജേനെ പനത്തുറയിലുള്ള ഉദയകുമാറും ഉമേഷും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അസി.കമ്മീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ.മോഹൻരാജായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ദൃസാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. 30 സാക്ഷികളിൽ രണ്ടുപേര്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളും മറ്റ് സാക്ഷികളും നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *