തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയില്‍ വി.ഡി സതീശന്റെ സബ്മിഷന്‍ മറുപടി പറയുകയായിരുന്നു പിണറായി.

ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണ്. കേസില്‍ ആരുടെയങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. സര്‍ക്കാറിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷ ആവശ്യം നേരത്തെ സ്പീക്കര്‍ തള്ളിയിരുന്നു. കേസില്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയ വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ നിയമോപദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇക്കാര്യം ചട്ടങ്ങളിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതു സംബന്ധിച്ച് രൂക്ഷമായ വാക്കേറ്റം പ്രതിപക്ഷവും സ്പീക്കറും തമ്മിലുണ്ടായി. തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ നിര്‍ദേശിക്കുകയും പ്രതിപക്ഷം അതംഗീകരിക്കുകയും ചെയ്തു.

വി.ഡി സതീശന്‍ വിഷയം സബ്മിഷനായി ഉന്നയിച്ചു. കേസിന്റെ തുടക്കം മുതല്‍ എസ്.പിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു. റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് എസ്.പിയുടെ നിര്‍ദേശമില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. കേസില്‍ മറ്റു പൊലീസുകാരെല്ലാം പ്രതിയാണ്, റൂറല്‍ എസ്.പി മാത്രം കുറ്റക്കാരനല്ല എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും സതീശന്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാനാണ് എ.വി ജോര്‍ജിനെ രക്ഷിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *