കോക്ക് പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു; കസ്റ്റഡിയിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്.

ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം.

പുതിയ ചിത്രം ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ദുബായിൽ എത്തിയത്. ദുബായിൽ വച്ച് വാർത്താസമ്മേളനവും നടത്തിയിരുന്നു. പരിപാടി കഴിഞ്ഞ് സംവിധായകനും മറ്റ് അഭിനേതാക്കളും ഉൾപ്പടെയുള്ളവർ ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഷൈൻ യാത്ര ഇന്നത്തേക്ക് ആക്കുകയായിരുന്നു.

ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വീസയ്ക്കുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്. കോക്പിറ്റിൽ കയറാനിടയായത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഷൈൻ ടോം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *