മുറിവുകളും ചതവുകളും; തൃശ്ശൂരില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവ എന്‍ജിനീയര്‍ മരിച്ചു

തൃശ്ശൂര്‍: റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവ എന്‍ജിനീയര്‍ മരിച്ചു. പുറ്റേക്കര സ്വദേശി അരുണ്‍ ആണ്  ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അരുണിനെ പുറ്റേക്കരയിലെ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു.

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമികനിഗമനം. അതേസമയം, യുവാവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവം കൊലപാതകമാണോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. അരുണിന്റെ മുഖത്തും തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ബിയര്‍കുപ്പി കൊണ്ടോ കല്ലുകൊണ്ടോ പരിക്കേല്‍പ്പിച്ചതാണെന്നാണ് സൂചന.

അര്‍ധരാത്രി 12 മണിയോടെയാണ് യുവാവ് പ്രദേശത്ത് എത്തിയതെന്നാണ് വിവരം. പിന്നീട് രണ്ടുമണിയോടെയാണ് പരിക്കേറ്റനിലയില്‍ നാട്ടുകാര്‍ കണ്ടത്. എന്നാല്‍ യുവാവിനെ കണ്ടെത്തിയ സ്ഥലത്ത് വാഹനാപകടമോ മറ്റോ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *