മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു

പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു. പെരുമ്പാമ്പാണെന്നു കരുതിയാണ് ഇയാൾ അണലിയെ കയ്യിലെടുത്തത്. കൈകളിൽ കടിച്ചതിന് ശേഷവും പാമ്പിനെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് ഉയർത്തി പിടിച്ചു.

മിനിറ്റുകൾക്കുള്ളിൽ മണികണ്ഠൻ കുഴഞ്ഞുവീണു, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാമ്പിനെ ഡോക്ടർമാരെ കാണിക്കാൻ കൂടെ കൊണ്ടുവന്ന സുഹൃത്ത് കബിലനും ചാക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ കടിയേറ്റു. കബിലൻ കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *