ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം: കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍ കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായി.

അഞ്ജുശ്രീയുടെ നില മോശമാവുകയായിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‍‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 6 ദിവസത്തിനിടെ 2 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *