വിമുക്തഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍

കലവൂർ: ബന്ധുവിനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാർഡ് ശിവകൃപയിൽ ഗോപൻ (51), ആര്യാട് പോത്തശ്ശേരി അനിൽകുമാറിന്റെയും അശ്വതിയുടെയും മകൾ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.ഗോപന്റെ ഭാര്യാസഹോദരന്റെ മകളാണ് മഹാലക്ഷ്മി.

ഗോപന്റെയും അനിൽകുമാറിന്റെയും വീടുകൾ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനിൽകുമാറിന്റെ വീട്ടിലെത്തി ഗോപൻ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപൻ പുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.

തെക്കനാര്യാട് ശിവകൃപയിൽ ഗോപനെയും പോത്തശ്ശേരി അനിൽകുമാറിന്റെ ഏക മകൾ മഹാലക്ഷ്മിയെയും കാണ്മാനില്ലെന്നറിഞ്ഞു ബന്ധുക്കളും പരിസരവാസികളും പ്രദേശം മൊത്തം തിരഞ്ഞെങ്കിലും കായലിലേക്ക് ആരുടെയും ശ്രദ്ധ പോയിരുന്നില്ല. അവസാനം ഗോപന്റെ മകൻ ആദർശ് കൂട്ടുകാരുമൊത്ത് ജെട്ടിയിലെത്തി വെറുതെയൊന്നു വെട്ടമടിച്ചു നോക്കിയപ്പോഴാണ് മഹാലക്ഷ്മി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടത്. ഉടനെതന്നെ കുഞ്ഞിനെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്കോടി. പിന്നീടുനടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കിട്ടിയതിനു തൊട്ടടുത്തായി ഗോപന്റെ മൃതദേഹവും കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *