കള്ള് ചോദിച്ചിട്ട് കൊടുത്തില്ല; തെങ്ങ് മുറിച്ചിട്ട് പ്രതികാരം: ഓടി രക്ഷപ്പെടുന്നതിനിടെ   വീണ് ചെത്തു തൊഴിലാളിയുടെ കാലൊടിഞ്ഞു

മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു.

വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്. ജയൻ കള്ള് കൊടുക്കാത്തതിന് മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവാണ് തെങ്ങു മുറിച്ചത്. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു.

സംഭവത്തില്‍ മരംവെട്ടുതൊഴിലാളിയായ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. യന്ത്രവാള്‍ ഉപയോഗിച്ച് ബിസ്മി തെങ്ങ് മുറിച്ചിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *