കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം; ചോരപ്പാടുകൾ കണ്ടെത്തി

തിരുവനന്തപുരം- കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേർക്ക് ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. കാർ പോർച്ചിൽ ചോരപ്പാടുകളുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടെ വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽ ചില്ലുകളും തകർത്തത് കണ്ടത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരയുടെ അടയാളങ്ങളുണ്ട്.
മോഷണ ശ്രമമല്ലെന്നും ആക്രമിക്കാൻ എത്തിയതാകാമെന്നും കേന്ദ്രമന്ത്രിയുടെ സഹായികൾ പ്രതകരിച്ചു.

വീടിന്റെ പലഭാഗത്തും ചോരപ്പാടുകളുണ്ടെങ്കിലും വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചിട്ടില്ല. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണിത്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *