കൊൽക്കത്ത: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കി യുവാവ്. കൊല്‍ക്കത്തയിൽ നടന്ന സംഭവത്തിൽ ബിഹാര്‍ സ്വദേശി അലോക് കുമാര്‍ പിടിയിലായി. ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോകിന്റെ വീട്ടില്‍ വച്ചാണ് പൊലീസ് ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിനുള്ളിലായിരുന്നു മൃതദേഹം.

തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ജോലിക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്. കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് താന്ത്രികന്റെ നിര്‍ദേശമനുസരിച്ചാണ് എഴുവയസുകാരിയെ ബലി നൽകിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്ന് താന്ത്രികന്‍ വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം നടത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

താന്ത്രികന്‍ ബിഹാറില്‍നിന്നുള്ളയാണെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് സംഘം ബിഹാറിലേക്കു പോകുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്നു തവണ ഭാര്യക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതോടെയാണ് യുവാവ് മന്ത്രവാദിയെ സമീപിച്ചത്. തുടര്‍ന്ന് നരബലി നല്‍കിയാല്‍ ഇതിനു പരിഹാരം ഉണ്ടാകുമെന്ന് താന്ത്രികന്‍ പറഞ്ഞതോടെ കൃത്യം നടത്താന്‍ യുവാവ് തയാറായെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ടില്‍ജാല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *