80 ലക്ഷം ലോട്ടറി അടിച്ച യുവാവിന്റെ ദുരൂഹമരണം: സുഹൃത്ത് പൊലീസ് കസ്റ്റ‍ഡിയിൽ

സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവിന്റെ (35) സുഹൃത്ത് സന്തോഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സന്തോഷ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നു സജീവ് പറഞ്ഞതായി സഹോദരൻ മൊഴി നൽകി. മദ്യസൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ചുതള്ളിയെന്നു മൊഴി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചിരുന്നു.

സുഹൃത്തുക്കൾക്കുവേണ്ടി സൽക്കാരം നടത്തുന്നതിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സജീവ് മരിച്ചത്. കഴിഞ്ഞ മാസം സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി സൽക്കാരം നടത്തുകയായിരുന്നു.

മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിനു പരുക്കേൽക്കുകയും തളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *