വന്ദേഭാരത് ട്രയല്‍ റണ്ണില്‍ തിരുവനന്തപുരം-എറണാകുളം 3.18 മണിക്കൂറില്‍ ഓടിയെത്തി

എറണാകുളം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10 ന് തുടങ്ങി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. 5.10 തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ട്.

ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. 12.30-ന് കണ്ണൂരിലെത്തും. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്.

7.25-ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് ട്രയല്‍റണ്ണില്‍ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം – കോട്ടയം യാത്രയ്ക്കെടുത്തത്. കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്‌സ്പ്രസ് 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം – എറണാകുളം യാത്രയ്‌ക്കെടുത്തത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍നിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാര്‍ കയറി വന്ദേഭാരതിന്റെ യാത്ര തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *