കെഎസ്ആര്‍ടിസി ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; ദുരനുഭവം പങ്കുവച്ച യുവതിയുടെ വിഡിയോ വൈറൽ; കോഴിക്കോട്ടുകാരനായ പ്രതി റിമാൻഡിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിനി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻ‍‍ഡ് ചെയ്തു. സിനിമാ പ്രവർത്തകയായ നന്ദിത ശങ്കരയാണ് ദുരനുഭവം വിവരിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേർ കുറിപ്പിടുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. ബസ് എടുത്തതോടെ യുവാവ് തന്റെ ശരീരത്തില്‍ കൈകൊണ്ട് ഉരസുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികചേഷ്ട കാട്ടുകയുമായിരുന്നെന്ന് യുവതി പറയുന്നു. അതിന്റെ വിഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയുമായിരുന്നു.

കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *