പതിനേഴുകാരന്റെ കൈ കമ്പി വടികൊണ്ട് അടിച്ചൊടിച്ചു, കത്രിക കൊണ്ട് വരഞ്ഞു: അമ്മയും സുഹൃത്തും അറസ്റ്റില്‍

എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേർന്നാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരുക്കേൽപ്പിക്കുകയുമായിരുന്നു.

ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയുടെ സുഹൃത്തായ സുനീഷ് ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടായിരുന്നു. ഈ കുട്ടി ഇതു സംബന്ധിച്ച് അമ്മയോടെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഇത്തരത്തിൽ മർദനത്തിലേക്ക് നയിച്ചത്.

കമ്പി വടികൊണ്ടുള്ള അടിയിൽ കുട്ടിയുടെ രണ്ടു കൈയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. വലതു കൈയ്ക്കാണ് സാരമായി പരുക്കേറ്റത്. കത്രിക കൊണ്ട് ശരീരത്ത് വരഞ്ഞ പാടുകളുണ്ട്. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളാണ് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തിയതോടെയാണ് ഇത്തരത്തിൽ ക്രൂരമായ സംഭവം പുറത്തറിയുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുനീഷിനെ പൊലീസി പിന്തുടർന്ന് പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *