പേ വിഷബാധയേറ്റതായി സംശയിക്കുന്ന യുവാവ് വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു

രാജസ്ഥാൻ: വയോധികയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവത്തിൽ 24 കാരനായ സുരേന്ദ്ര താക്കൂർ അറസ്റ്റിൽ. രാജസ്ഥാനിലെ ശരാദന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് പേ വിഷബാധയേറ്റതായും സംശയിക്കുന്നുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ശാന്ത ദേവി എന്ന സ്ത്രീയാണ് യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശാന്ത ദേവി കന്നുകാലികളെ മേച്ചുകൊണ്ടിരുന്ന സമയത്ത് യുവാവ് പുറകിൽ നിന്ന് കല്ല് കൊണ്ട് തലയ്ക്കിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിനു ശേഷം മാംസം ഭക്ഷിക്കുകയായിരുന്നു.

അതേസമയം, സുരേന്ദ്ര താക്കൂറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ ഇയാൾക്ക് ഹൈഡ്രോഫോബിയ സ്ഥിരീകരിച്ചു. വെള്ളത്തെ ഭയക്കുന്ന രോഗലക്ഷണമാണിത്. റാബിസ് അണുബാധമൂലം ഉണ്ടാകുന്ന രോഗലക്ഷണമാണിത്. യുവാവിന് നേരത്തേ പേ വിഷബാധയേറ്റിട്ടുണ്ടാകാമെന്നും മതിയായ ചികിത്സ ലഭിച്ചുകാണില്ലെന്നുമാണ് ഡോക്ടർമാർ അനുമാനിക്കുന്നത്.

മുംബൈ സ്വദേശിയായ സുരേന്ദ്ര ബസ് മാർഗമാണ് രാജസ്ഥാനിലെത്തിയത് എന്ന് പൊലീസ് കണ്ടെത്തി. ബസ് ടിക്കറ്റ് യുവാവിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തി. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും അക്രമണകാരിയാകുന്നതായും പൊലീസ് പറയുന്നു. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിലും ഇയാൾ അക്രമാസക്തനായതായി പൊലീസ് പറയുന്നു. ഇതിനാൽ കട്ടിലിൽ കെട്ടിയിട്ടാണ് ചികിത്സ നടത്തുന്നത്. കൊല്ലപ്പെട്ട ശാന്തി ദേവിയുടെ മകന്റെ പരാതിയിലാണ് സുരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാലികളെ മേച്ച് മടങ്ങി വരുമ്പോൾ അമ്മയുടെ മൃതദേഹം യുവാവ് ഭക്ഷിക്കുന്നതായി കണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *