കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. പാലയാട് പാറപ്രം സ്വദേശി മഹേഷ് എന്നയാൾ വനിതാ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വാഹനാപകടത്തെ തുടർന്ന് പരിക്ക് പറ്റി ചികിത്സ തേടുന്നതിനാണ് മഹേഷ് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിയത്.
ചികിത്സ നൽകുന്നതിനിടെ ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. രാത്രി 2.30ഓടെയാണ് മഹേഷിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഈ സമയം അമൃതരാജി എന്ന ഡോക്ടറാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. കാരണമൊന്നുമില്ലാതെയാണ് ഇയാൾ ഡോക്ടറെ ആക്രമിക്കുന്നത്. അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയും ചെയ്തതായി അമൃതരാജി പറയുന്നു.
സംഭവത്തിൽ അമൃത പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മഹേഷ് മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.

