മതം മാറാൻ ആവശ്യപ്പെട്ട് മർദ്ദിച്ചു; പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; വീട് പൊളിച്ച് നീക്കാനും നിർദ്ദേശം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവാവിനെ മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. പ്രതികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ് എടുക്കും. ഇതിന് പുറമേ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിക്കുന്നതിന്റെ 50 സെക്കന്റുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. നിർദ്ദേശം നൽകിയതിന് പിന്നാലെ അറസ്റ്റിലായ സമീർ ഖാന്റെ വീട് അധികൃതർ പൊളിച്ച് നീക്കിയിട്ടുണ്ട്. സമീർ ഖാന്റെ സുഹൃത്തുക്കളും ഭോപ്പാൽ സ്വദേശികളുമായ ഫൈസാൻ, സാജിദ് എന്നവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ.

സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും നിർദ്ദേശം നൽകിയിട്ടുണ്ട്.

mp-man-harrasses-arrest

ഭോപ്പാൽ സ്വദേശിയായ വിജയ് രാമചന്ദനിയെ ആയിരുന്നു പ്രതികൾ ചേർന്ന് മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. ഇതിന് പുറമേ മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *