റാന്നിയിൽ യുവതിയെ ക്രിമിനൽ കേസ് പ്രതി വെട്ടിക്കൊന്നു

പത്തനംതിട്ട: റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയുടെ വെട്ടേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. കീക്കൊഴൂർ സ്വദേശിനി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റാന്നി ബ്ലോക്ക് വടക്കേടത്ത് സ്വദേശി അതുൽ സത്യനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. രജിതമോളുടെ വീട്ടിലേക്ക് വെട്ടുകത്തിയുമായി അതിക്രമിച്ച് കടന്ന ഇയാൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രജിതമോളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വി.എ രാജു, മാതാവ് ഗീത, സഹോദരി അപ്പു എന്നിവരെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും അതുൽ കടന്നു കളഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ രജിതമോൾ മരിച്ചിരുന്നു. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാജുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

യുവതിയുമായി ഇയാൾക്ക് മുൻപരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയും രജിതമോളെ യുവാവ് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. യുവതിയുടെ കഴുത്തിൽ കത്തിവച്ച് അമ്മയെ യുവാവ് ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. അതുലിനെതിരെ മൂന്ന് ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *