സ്‌കൂൾ പഠനകാലം മുതൽക്കുള്ള പ്രണയം; അഫീഫ വീണ്ടും സുമയ്യയ്‌ക്കൊപ്പം; ലെസ്ബിയൻ പങ്കാളികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും വീണ്ടും തിരിച്ച് പങ്കാളിയുടെ അടുത്ത് തിരിച്ചെത്തി. ലെസ്ബിയൻ പങ്കാളികളിലൊരാളായ അഫീഫയാണ് മാതാപിതാക്കളുടെ അടുത്ത് നിന്ന് വീണ്ടും പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ സുമയ്യയ്‌ക്കൊപ്പം എത്തിയത്.അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നുകാട്ടി സുമയ്യ ഹൈകോടതിയെയും സമീപിച്ചു. സർക്കാറിൻറെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ലിവ് ഇൻ റിലേഷനിൽ കഴിയുന്ന ഇവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്നു കാണിച്ചു സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം അഫീഫയെ ഹാജരാക്കിയിരുന്നു. തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാൽ മതിയെന്ന അഫീഫ അറിയിച്ചതിനെ തുടർന്ന് അന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

മലപ്പുറം സ്വദേശികളായ യുവതിയും സുമയ്യയും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ജനുവരി 27ന് ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന്, കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച് ഉത്തരവിട്ടു. എന്നാൽ, മേയ് 30ന് അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നുകാട്ടി സുമയ്യ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാൽ മതിയെന്ന് അഫീഫ അറിയിക്കുകയായിരുന്നു.വീട്ടിൽ എത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് സുമയ്യയ്ക്ക് അഫീഫ മെസേജ് അയച്ചു. തുടർന്നാണ് വീണ്ടും പോലീസും മറ്റും ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *