‘മൈക്ക്’ കേസ് അവസാനിപ്പിച്ചു; സാങ്കേതിക പ്രശ്നമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ തടസ്സമുണ്ടായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. മൈക്കിന്റെ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിനു കാരണമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. 25ന് വൈകിട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കിൽനിന്ന് മുഴക്കം കേട്ടത്. 26ന് ഉച്ചയോടെ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തിൽനിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ മൈക്ക് പരിശോധിച്ചു. നാണക്കേടായതിനെ തുടർന്ന് തുടർനടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കേബിൾ വലിഞ്ഞതു കൊണ്ടുണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്നലെ ഉച്ചയോടെ ഉപകരണങ്ങൾ മൈക്ക് സെറ്റ് ഓപ്പറേറ്റർക്ക് കൈമാറി.

പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂർവം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയത്. സാങ്കേതിക തകരാറാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും. തുടർനടപടികൾ ഉണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന യോഗങ്ങളിലെ മൈക്കും ഉപകരണങ്ങളും പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി പ്രത്യേകം മാനദണ്ഡം രൂപീകരിക്കും. മൈക്ക് പരിപാടിക്ക് മുൻപായി സൂക്ഷിക്കുന്നത് പൊലീസ് നിർദേശപ്രകാരമായിരിക്കും. പ്രധാനമന്ത്രിക്കും രാഹുൽഗാന്ധിക്കും പരിപാടികൾക്കായി മൈക്ക് നൽകിയ ഓപ്പറേറ്ററാണ് എസ് രഞ്ജിത്ത്. ആളുകളുടെ തിരക്കിനിടയിൽ കേബിളിൽ തട്ടിയാണ് ശബ്ദം ഉണ്ടായതെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *