വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസിൽ സീരിയൽ നടിയും ആൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി(32)യും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പൊലീസ് പിടിയിലായത്. നിയമബിരുദധാരിയാണ് നിത്യ. തിരുവനന്തപുരം പട്ടം സ്വദേശിയായ മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ എഴുപത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്.

മേയ് 24നാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം. വാടകയ്ക്ക‌ു വീടു കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് പരാതിക്കാരനെ നിത്യ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ച നിത്യ വീടു കാണുന്നതിനായി സ്ഥലത്തെത്തി. വീടിനുള്ളിൽ വച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും നിത്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നിത്യയ്ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണു ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഭീഷണി ആവർത്തിച്ചതോടെ 11 ലക്ഷം രൂപ പരാതിക്കാരൻ നൽകി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞ 18ന് ഇദ്ദേഹം പരവൂർ പൊലീസിൽ പരാതി നൽകിയത്. പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഇതിനു മുൻപ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *