ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ വെട്ടിനുറുക്കിയ നിലയിൽ; 3 തവണ വെടിയേറ്റു

 ഒരാഴ്ചയായി കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഫെർണാണ്ടോ പെരസ് അൽഗാബ എന്നയാളാണ് കൊല്ലപ്പെട്ടത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപത്തെ തെരുവിലാണ് അൽഗാബയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച, അരുവിക്കു സമീപം കളിക്കുന്നതിനിടെ ഒരുകൂട്ടം കുട്ടികളാണ് ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ് ആദ്യം കണ്ടത്. ജൂലൈ 19 മുതലാണ് അൽഗാബയെ കാണാതായത്.

കുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിക്കുകയും അവർ നടത്തിയ പരിശോധനയിൽ അൽഗബയുടെ കാലുകളും കൈത്തണ്ടകളും കണ്ടെത്തുകയും ചെയ്തു. മറ്റൊരു കൈ അരുവിയിൽനിന്നു കണ്ടെടുത്തു. ബുധനാഴ്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് കാണാതായ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. വളരെ സൂക്ഷ്മമായാണ് ഓരോ അവയവങ്ങളും മുറിച്ചുമാറ്റിയിരിക്കുന്നതെന്നും വിദഗ്ധനായ ഒരാളാണ് കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.

തദേഹം വെട്ടിനുറുക്കുന്നതിനു മുൻപ് അൽഗാബയ്ക്ക് മൂന്നു തവണ വെടിയേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അൽഗാബയെ തിരിച്ചറിയാൻ സഹായിച്ചത്. ക്രിപ്റ്റോ കറൻസി വ്യാപാരത്തിലൂടെയാണ് അൽഗാബ കോടീശ്വരനായത്. ആ‍ഡംബര വാഹനങ്ങൾ വാടകയ്ക്കു നൽകിയും പണം സമ്മാദിച്ചിരുന്നു. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പത്തു ലക്ഷത്തിലധികം ഫോളോവേഴ്സാണ് അൽഗാബയ്ക്കുള്ളത്.

വാടകയ്ക്കെടുത്ത അപ്പാർട്മെന്റിൽ താമസിച്ചിരുന്ന അൽഗാബ, ജൂലൈ19നു ഇത് ഒഴിയേണ്ടതായിരുന്നു. എന്നാൽ അൽഗാബയെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമയാണ് പൊലീസിൽ പരാതി നൽകിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. കടബാധ്യതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *