‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമാണെന്ന് പറഞ്ഞ് മാനസിക പീഡനം’: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു, ഭർത്താവ് അറസ്റ്റിൽ

കൊല്ലം പുനലൂർ വാളക്കോട് ഷാജഹാൻ- നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) ദൂരൂഹ മരണത്തിൽ ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഭവം നടന്നു എട്ടു വർഷത്തിനു ശേഷമാണ് അറസ്റ്റ്. വെള്ളത്തിൽ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എൻ. രാജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.  2015 ജൂണിലാണ് ഷജീറ കൊല്ലപ്പെട്ടത്.

2015 ജൂൺ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. മരിക്കുന്നതു വരെ ഷജീറ അബോധാവസ്ഥയിൽ ആയിരുന്നു. ശാസ്താംകോട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുൽ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ, അബ്ദുൽ ഷിഹാബിന്റെ പ്രവൃത്തികൾ മൂലം ബന്ധം വേർപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *