യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യൽ; കോഴിക്കോട്ട് ചോദിക്കാനെത്തിയ 3 യുവാക്കൾക്ക് കുത്തേറ്റു

വടകര ∙ യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ചോദിക്കാൻ എത്തിയ സംഘത്തിലെ 3 യുവാക്കൾക്ക് കുത്തേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഉളിയിൽ ഇർഫാ മൻസിൽ ഷിജാസ് (23), നടുവനാട് സഫിയാ മൻസിലിൽ സിറാജ് (23), നടുവനാട് കരുമ്പയിൽ ഷിഹാബ് (23) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഷിജാസിന് കൈയ്ക്കും സിറാജിന് വയറ്റത്തുമാണ് കുത്തേറ്റത്

ചൊവ്വാഴ്ച രാത്രി 10.15ഓടെ വടകര താഴെ അങ്ങാടിയിലാണ് സംഭവം. ബീച്ച് ജലാൽ പള്ളിക്ക് സമീപം വിശാലിക്കാരന്റവിട അർഷാദ് (32) ആണ് മൂവരെയും കൂത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കും പരുക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

ഇരിട്ടി സ്വദേശിയുടെ മരുമകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തത് ചോദിക്കാനാണ് ആറംഗ സംഘം കാറിൽ അർഷാദിന്റെ വീട്ടിൽ എത്തിയത്. വാതിൽ തുറക്കാത്തതിനാൽ ചവിട്ടി തുറന്ന സംഘം അർഷാദിന് നേരെ തിരിഞ്ഞപ്പോൾ കത്തി വീശുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് 3 പേർക്ക് കുത്തേറ്റത്. മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *