കൊച്ചിയിൽ ഓയോ റൂമിൽ യുവതി  കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) എന്നയാളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

മരിച്ച രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലിൽ കെയർ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് കൊല്ലപ്പെട്ട സ്ത്രീ ഹോട്ടലിലേക്ക് എത്തുന്നത്. അതിന് ശേഷം ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ഈ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തിനും കൈക്കുമാണ് കുത്തേറ്റത്. യുവതിയുടെ കരച്ചില്‍ കേട്ട മറ്റ് മുറിയിലുണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

സമൂഹമാദ്ധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് മാറ്റിപ്പറഞ്ഞതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *