ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്ക് സ്‌റ്റേ

ബെംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേചെയ്തു. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ബിനീഷിന് ഏറെ ആശ്വാസം നല്‍കുന്നതാണിത്.

കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ്‌ വിചാരണക്കോടതിയുടെ നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. ലഹരിക്കടത്തുകേസില്‍ ബിനീഷ് പ്രതിയല്ലെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും നിലനില്‍ക്കുമോ എന്ന സംശയം ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്.

ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. ആരോപിച്ചിരുന്നു. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അനൂപ് മുഹമ്മദിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടോ എന്നായിരുന്നു ഇ.ഡി. പരിശോധിച്ചത്. ചോദ്യം ചെയ്തതില്‍ ഇരുവരുടെയും മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *