യുവാവിന്റെ വീട്ടു വളപ്പിൽ കുഴിച്ചിട്ട നിലയിൽ അഴുകിയ മൃതദേഹം; കാണാതായ യുവതിയുടേതെന്നു സംശയം, ഇന്ന് ഫോറൻസിക് പരിശോധന

മലപ്പുറം: തുവ്വൂരിൽ വീട്ടു വളപ്പിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വീട്ടു വളപ്പിലാണ് മൃത​ദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്.

തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കാണാതായ സുജിതയുടെ മൃതദേഹം തന്നെയാണ് കുഴിച്ചിട്ടത് എന്ന് വിഷ്ണു വെളിപ്പെടുത്തിയത്. വിഷ്ണുവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻ വശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നതായി വിഷ്ണു പൊലീസിൽ മൊഴി നൽകി. 11ന് രാവിലെയായിരുന്നു കൊലപാതകം നടത്തിയത്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിട്ടു.

കൊലയെ കുറിച്ച് അച്ഛനു സൂചന ലഭിച്ചിരുന്നതായും വിഷ്ണു മൊഴിനൽകി. കൊലയ്ക്കു ശേഷം ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചു. ഫോറൻസിക് സംഘം എത്തി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. വിഷ്ണു, രണ്ടു സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനിൽ നിന്നു പോയത്. എന്നാൽ ഇവർ വിഷ്ണുവിന്റെ വീട്ടിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. വിഷ്ണുവിന്റെ വീടിനോട് ചേർന്നുള്ള കുഴിയിലാണ് മൃതദേഹമുള്ളത്. ഇന്നലെ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന ന‌ടത്തിയത്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *