കര്‍ണാടക: പ്രഷര്‍ കുക്കറിന്റെ വിസില്‍ വിഴുങ്ങിയ ഒന്നരവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടക മാണ്ഡ്യയിലെ നഗരകരെ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ഒന്നരവയസുകാരനായ ഭുവന് വിസില്‍ തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം സംഭവിച്ചത്.

കുഞ്ഞിന് ചോറ് എടുക്കുന്നതിനായി ഭുവന്റെ അമ്മൂമ്മ കുക്കറിന്റെ അടപ്പ് ഊരി മാറ്റിവെച്ചു. അമ്മൂമ്മ കറികള്‍ എടുക്കുന്നതിനിടയില്‍ നിലത്ത് ഇഴഞ്ഞുനടക്കുകയായിരുന്ന കുട്ടിയുടെ കയ്യില്‍ വിസില്‍ തടഞ്ഞു. കൗതുകം തോന്നിയ കുട്ടി വിസില്‍ വായില്‍ ഇടുകയായിരുന്നു. കുഞ്ഞ് വിസില്‍ വിഴുങ്ങുന്നത് കണ്ട അമ്മൂമ്മ പെട്ടെന്ന് വായില്‍ കൈയ്യിട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിസില്‍ ഉള്ളിലേക്ക് പോയിരുന്നു.

കുട്ടിയെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിസില്‍ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ശ്വാസം കിട്ടാതെ കുട്ടി പിടയുന്നുമുണ്ടായിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മൈസൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടി കുട്ടി മരിക്കുകയായിരുന്നു.

കര്‍ണാടക സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥരായ മാരിലിംഗ ഗൗഡയുടെയും രൂപയുടെയും മകനാണ് ഭുവന്‍. കുട്ടിയെ മാരിലിംഗയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് ഇരുവരും ജോലിക്ക് പോയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *