തേജ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ ശക്തിപ്രാപിക്കും, സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരംഅറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12  മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  ശക്തമായ മഴയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ അന്നേദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  അതിനിടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  തുടക്കം ദുര്‍ബലമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന  അതി തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. വരുംമണിക്കൂറുകളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍  22ന്  രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും തുടര്‍ന്ന് ഒക്ടോബര്‍  24ന്  രാവിലെ വരെ  വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച്  ഒക്ടോബര്‍  25 രാവിലെയോടെ യെമന്‍ -ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍ ) സലാലാക്കിനും ഇടയില്‍ അതി തീവ്ര ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 3 ദിവസം വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *